ചമ്പക്കുളം: അമിത ശബ്ദം പുറപ്പെടുവിച്ച് ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളിലെ പ്രകടനം യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടഭീതി സൃഷ്ടിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ചമ്പക്കുളം ബസിലിക്ക, ബസ് സ്റ്റാൻഡ്, നെടുമുടി പഞ്ചായത്ത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അമിതവേഗത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ആധുനിക ഇരുചക്രവാഹനങ്ങളിൽ നിരവധിതവണ അഭ്യാസപ്രകടനം നടത്തുന്നത് പതിവായി മാറുകയാണ്.
വൈകുന്നേരം സ്കൂൾ കൂട്ടികൾ പോകുന്ന സമയത്താണ് അഭ്യാസപ്രകടനം. നെടുമുടി പഞ്ചായത്ത് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമാണ് ഇരുചക്രവാഹനങ്ങളിൽ ചിലർ മരണപ്പാച്ചിൽ നടത്തുന്നത്. കിലോമീറ്ററുകൾ അകലെ വരെ ശബ്ദം കേൾക്കാവുന്ന തരത്തിലാണ് വാഹനങ്ങളിൽ ക്രമീകരണം വരുത്തിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.